ന്യൂഡല്‍ഹി: ലോക്‌സഭാ പ്രസംഗത്തിനിടെ ജാതി സെന്‍സസിനെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ചിരിച്ച ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇത് ചിരിക്കാനുള്ള വിഷയമല്ലെന്നും ജാതി സെന്‍സസാണെന്നും രാഹുല്‍ ഗാന്ധി ധനമന്ത്രിയോട് പറഞ്ഞു. ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയുടെ ഭാഗമായുള്ള പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനിടെയായിരുന്നു സംഭവം.
'90 ശതമാനം ഇന്ത്യക്കാരും ജാതി സെന്‍സസ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആരൊക്കെയാണവര്‍? ദളിതുകള്‍, ആദിവാസികള്‍, പിന്നാക്കവിഭാഗങ്ങള്‍, ജനറല്‍ വിഭാഗത്തിലെ പാവപ്പെട്ടവര്‍, ന്യൂനപക്ഷങ്ങള്‍, ഇവരെല്ലാവരും ജാതി സെന്‍സസ് വേണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അറിയണം, തങ്ങളുടെ പങ്കാളിത്തം എത്രയാണ്, തങ്ങളുടെ അവകാശം എത്രയാണെന്ന്. പക്ഷെ സര്‍ക്കാര്‍ ഹല്‍വ വിതരണം ചെയ്തു കൊണ്ടേയിരിക്കുന്നതാണ് കാണുന്നത്. ആരാണ് വിതരണം ചെയ്യുന്നത്? ആ രണ്ടോ മൂന്നോ ശതമാനം ആളുകള്‍. ആര്‍ക്കാണ് വിതരണം ചെയ്യുന്നത്? അതേ രണ്ടോ മൂന്നോ ശതമാനം ആളുകള്‍ക്ക്.' -ഈ പരാമർശങ്ങൾക്കിടയിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ ചിരിക്കുന്നതായി രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചത്. ഉടന്‍ തന്നെ രാഹുല്‍ ധനമന്ത്രിയുടെ ചിരിയ്‌ക്കെതിരെ പ്രതികരിച്ചു.
'നോക്കൂ, ധനമന്ത്രി ചിരിക്കുകയാണ്. ഇത് ചിരിക്കാനുള്ള വിഷയമല്ല, മാഡം. ചിരിക്കാനുള്ളതല്ല. ഇത് ജാതി സെന്‍സസാണ്. ഇതിലൂടെ രാജ്യത്ത് മാറ്റം സംഭവിക്കും.' -രാഹുല്‍ ഗാന്ധി പറഞ്ഞു.