ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കെ.എല്‍.ശര്‍മ അമേഠിയില്‍ മത്സരിക്കും. സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനാണ് കെ എല്‍ ശര്‍മ.
അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം വെള്ളിയാഴ്ച. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2004 മുതല്‍ തുടര്‍ച്ചയായി 3 തവണ ജയിച്ച അമേഠിയില്‍ തന്നെ രാഹുല്‍ തുടരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. തീരുമാനം വൈകിയതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് അമേഠിയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.
അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.