എക്സിറ്റ് പോളിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ അഴിമതി നടന്നതായി രാഹുല്‍ ഗാന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ സംഭവിച്ചതെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദി, അമിത് ഷാ, നിര്‍മല സീതാരാമന്‍ എന്നിവര്‍ക്കെതിരെ രാഹുല്‍ പ്രതികരിച്ചത്.പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യാജ എക്സിറ്റ് പോള്‍ നടത്തിയവര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഓഹരി വിപണിയില്‍ ഷെയറുകള്‍ വാങ്ങാന്‍ മെയ് 13ന് അമിത് ഷാ പറഞ്ഞിരുന്നു. ജൂണ്‍ നാലിന് വിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ജൂണ്‍ ഒന്നിന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതോടെ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചുയര്‍ന്നു. ഫലം വന്നതിനുശേഷം സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിയുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്നും രാഹുല്‍ ആരോപിച്ചു.