ന്യൂഡൽഹി: രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണെന്ന് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.'അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെ രാജ്യത്തെ ജനങ്ങളെ കുരുക്കുകയാണ്. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്. അവർ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കൾ, സ്ത്രീകൾ, കർഷകർ എല്ലാം ആ ചക്രവ്യൂഹത്തിൽ പിടയുകയാണ്.' രാഹുൽ പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചത്.കുത്തകയുടെ ചട്ടക്കൂട് ശക്തിപ്പെടുത്തുക എന്നതാണ് ബജറ്റിൻ്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്രബജറ്റിനെയും രാഹുൽ ഗാന്ധി വിമർശിച്ചു.മോഹൻ ഭഗവത്, അംബാനി, അദാനി എന്നിവരെ രാഹുൽഗാന്ധി പ്രസംഗത്തിൽ പരാമർശിച്ചതിൽ ഭരണപക്ഷം പ്രതിഷേധമുയർത്തി. പാർലമെന്റിലില്ലാത്തവരെ കുറിച്ച് പരാമർശം നടത്തരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രതികരിച്ചു.
ബിജെപിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രി പദം സ്വപ്നം കാണാൻ കഴിയുകയുള്ളൂ എന്നും മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയെ കുറിച്ച് ബജറ്റ് വേളയിൽ ഒരക്ഷരം സംസാരിച്ചില്ല, അഗ്നി വീറുകൾക്ക് ബജറ്റിൽ ഒരു രൂപ പോലും നീക്കി വെച്ചില്ല, രാഹുൽ പറഞ്ഞു.