ന്യൂഡൽഹി: ഹരിയാനയിലെ കോൺഗ്രസിന്റെ തോൽവിക്ക് പിന്നിൽ നേതാക്കളുടെ സ്വാർഥതയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേതാക്കൾ പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ല. ഹരിയാനയിൽ കോൺഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു. പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനായിരുന്നു പ്രാദേശിക നേതാക്കൾക്ക് താത്പര്യമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് യോഗത്തിൽ നിന്നും അദ്ദേഹം ഇറങ്ങിപ്പോയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വോട്ടെണ്ണലിന്റെ കാര്യത്തിൽ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചതായാണ് വിവരം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയത്തിൽ രാഹുൽ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു.
ഹരിയാന തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. ഹരിയാണയിലെ കോൺഗ്രസ് നേതാക്കൾ സ്വാർത്ഥരാണെന്നും അതുമൂലം നഷ്ടമുണ്ടായിയെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടതായാണ് റിപ്പോർട്ട്. അജയ് മാക്കൻ, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാൽ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.