രത്ലം : ദളിത് പിന്നാക്ക ഗോത്ര വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ജാതിസംവരണം 50 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ രത്‌ലമില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അത് സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി എല്ലാം നീക്കം ചെയ്ത് പൂര്‍ണ അധികാരമാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. വിജയിക്കുകയാണെങ്കില്‍ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
400 സീറ്റുകള്‍ എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തിയത് ആ ലക്ഷ്യം വച്ചാണെന്നും അവര്‍ക്ക് 150 സീറ്റു പോലും ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവരണം അവസാനിപ്പിക്കുമെന്നു ബിജെപി പറയുന്നു. ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ സംവരണം 50 ശതമാനത്തില്‍ അധികമായി ഉയര്‍ത്തും. പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കും അവര്‍ക്കാവശ്യമുള്ള സംവരണം നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി.
സംവരണത്തെ ചൊല്ലി എന്‍ഡിഎയും ഇന്ത്യ മുന്നണിയും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു. മുസ്ലിംകള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സംവരണം വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നായിരുന്നു മോദിയുടെ ആരോപണം.