ന്യൂഡൽഹി: അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാസിയാബാദിൽ നടന്ന രാഹുൽ - അഖിലേഷ് സംയുക്ത വാർത്താസമ്മേളനത്തിൽ അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചോദ്യത്തിന് ഇത് ബിജെപിയുടെ ചോദ്യമാണെന്നായിരുന്നു രാഹുലിൻ്റെ ആദ്യ മറുപടി. അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
.എന്താണ് തീരുമാനമെന്നത് അവർ എന്നെ അറിയിക്കും. ഞാൻ അനുസരിക്കും. ഞാൻ പാർട്ടിയുടെ ഒരു സൈനികൻ മാത്രമാണ്. രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദി അഴിമതിയിലാണ് ചാമ്പ്യൻ. രാജ്യത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഇന്ത്യ രാജ്യത്തിന് അനുകൂലമായ അടിയൊഴുക്ക് രാജ്യത്തുണ്ട്. 20 ദിവസം മുമ്പ് വരെ ബിജെപി 180 സീറ്റുകൾ നേടുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് 150 സീറ്റുകൾ മാത്രമെ ലഭിക്കുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും നില മെച്ചപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ ലഭിക്കുകയാണ്. രാഹുൽ വ്യക്തമാക്കി
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നില്ലെങ്കിൽ അവിടെ സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം വ്യക്തമാക്കി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വിവാദ വ്യവസായിയുമായ റോബർട്ട് വാദ്ര രംഗത്തെത്തിയിരുന്നു.