ഡൽഹിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സീൽ ചെയ്ത് പിഡബ്ല്യുഡി

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും ഒരു മുഖ്യമന്ത്രിയോട് വസതി ഒഴിയാൻ ആവശ്യപ്പെടുന്നത്. ബിജെപിയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ലെഫ്‌നന്റ് ഗവർണർ നീക്കം ചെയ്തു.

Greeshma Rakesh and Anagha Rajeev
New Update
atishi

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ വസതി സീൽ ചെയ്ത് പിഡബ്ല്യുഡി. സിവിൽ ലൈൻസിലെ 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിലെ വസതിയാണ് സീൽ ചെയ്തത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട് പൂട്ടി പിഡബ്ല്യുഡിക്ക് താക്കോൽ നൽകിയില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ നീക്കം. പിഡബ്ല്യുഡി പരിപാലിക്കുന്ന വസതിയുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിനാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വസതിയിൽ നടത്തിയ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് ഉണ്ടെന്നും പിഡബ്ല്യുഡി പറഞ്ഞു.

എന്നാൽ അതിഷിയെ ഔദ്യോഗിക വസതിയിൽ താമസിപ്പിക്കാതിരിക്കാനുള്ള നീക്കമാണിതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. വസതിയിലെ അതിഷിയുടെ വസ്തുവകകൾ ഡൽഹി ലഫ്റ്റനന്റ് ഗവർണർ പുറത്തിട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനൊരു അനുഭവമുണ്ടാകുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.

'രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും ഒരു മുഖ്യമന്ത്രിയോട് വസതി ഒഴിയാൻ ആവശ്യപ്പെടുന്നത്. ബിജെപിയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ലെഫ്‌നന്റ് ഗവർണർ നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ വസതി ബിജെപിയുടെ മുതിർന്ന നേതാവിന് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ 27 വർഷമായി ഡൽഹിയിൽ പ്രവാസ ജീവിതം നയിക്കുന്ന ബിജെപി മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കുകയാണ്', പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം പിഡബ്ല്യുഡിയുടെ നടപടിക്ക് പിന്നാലെ പരിഹാസവുമായി ഡൽഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്‌ദേവ രംഗത്തെത്തി. 'ഒടുവിൽ അരവിന്ദ് കെജ്‌രിവാളിന്റെ 'കൊട്ടാരം' സീൽ ചെയ്തു. അധികാരികളിൽ നിന്നും പൂർത്തീകരണ അംഗീകാരം ലഭിക്കാതെ എങ്ങനെയാണ് അദ്ദേഹം കൊട്ടാരത്തിൽ താമസിച്ചത്. തന്റെ മുഖ്യമന്ത്രിയെയും (അതിഷി) അതേ വസതിയിൽ തന്നെ അദ്ദേഹം താമസിപ്പിച്ചു. എന്താണ് ആ വീട്ടിൽ ഒളിച്ചിരിക്കുന്നത്'? അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Atishi Marlena