പുരി: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം 46 വർഷത്തിന് ശേഷം തുറന്നു. 12ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന രത്നഭണ്ഡാരം, ഹൈകോടതി നിർദേശപ്രകാരം 2018 ൽ തുറക്കാൻ ശ്രമിച്ചിരുന്നെങ്കിലും താക്കോൽ കളഞ്ഞുപോയതിനാൽ തുറന്നിരുന്നില്ല. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമാകുകയും ചെയ്തു. മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭണ്ഡാരം തുറക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.
ഒഡിഷ സർക്കാർ രൂപവത്കരിച്ച 11 അംഗ കമ്മിറ്റിയാണ് ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ഭണ്ഡാരം തുറന്നത്. ഭണ്ഡാരത്തിൽ 454 സ്വർണ വസ്തുക്കളും 293 വെള്ളി സാമഗ്രികളും ഉണ്ടെന്നാണ് കണക്ക്. ഇവ പരിശോധിച്ച് ഓരോന്നിന്റെയും കണക്കെടുത്തു.
ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ക്ഷേത്രത്തിലെ താൽക്കാലിക സ്‌ട്രോങ് റൂമിലേക്ക് മാറ്റി സീൽ ചെയ്തതായി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ജില്ല ഭരണകൂടത്തിന്റെ പക്കൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ഒരു പൂട്ട് തുറക്കാൻ കഴിഞ്ഞില്ല. ഇത് തകർക്കേണ്ടിവന്നു.