ഭുവനേശ്വർ: ഒഡീഷയിലെ ബി.ജെ.പി സർക്കാറിന്റെ ആദ്യ തീരുമാനം പുരി ജഗനാഥക്ഷേത്രത്തിന് വേണ്ടി. ക്ഷേത്രത്തിലെ നാല് ഗേറ്റുകളും തുറക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. 12ാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന് വേണ്ടി പ്രത്യേക ഫണ്ടും സർക്കാർ മാറ്റിവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പുരി ജഗനാഥ ക്ഷേത്രത്തിലെ നാല് ഗേറ്റുകളും മന്ത്രിമാരുടെ സാന്നിധ്യത്തിൽ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതൽ നാല് ഗേറ്റുകളിലൂടെയും ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പുരിയിലെ നാല് ഗേറ്റുകളും തുറക്കുമെന്നത്. കോവിഡിന് തുടർന്ന് ക്ഷേത്രത്തിലെ നാല് ഗേറ്റുകളും അടച്ചത്. പിന്നീട് തുറന്നപ്പോൾ ഒരെണ്ണത്തിലൂടെ മാത്രമാണ് മുമ്പുണ്ടായിരുന്ന ബി.ജെ.ഡി സർക്കാർ ഭക്തൻമാർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഇതിന് പുറമേ ക്ഷേത്രത്തിനായി 500 കോടിയുടെ ഫണ്ട് മാറ്റിവെക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.