പൂനെ പോർഷെ അപകടം; 17കാരന്റെ രക്തസാമ്പിൾ മാറ്റി മദ്യപിക്കാത്തയാളുടെ രക്തം വച്ചു,രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

പൂനെ ക്രൈംബ്രാഞ്ച് സസൂൺ ഹോസ്പിറ്റലിലെ ഡോക്ടർ അജയ് തവാഡെ, ഡോ ഹരി ഹാർനോർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ആശുപത്രിയിൽ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച  രക്ത സാമ്പിളുകൾ പ്രായപൂർത്തിയാകാത്ത പ്രതിയുടേതല്ലെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
death in pune

Pune Porsche accident, Teen driver seen in CCTV footage at a bar with friends.

Listen to this article
0.75x 1x 1.5x
00:00 / 00:00

പൂനെ: രണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ മരണത്തിന് കാരണമായ പൂനെ പോർഷെ  അപകടത്തിൽ വഴിത്തിരിവ്. കേസിൽ  പ്രതിയായ 17 കാരൻ്റെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച രണ്ട് ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.വൻപ്രതിഷേധത്തിനും രോഷത്തിനും ഇടയാക്കിയ കേസ് അന്വേഷിക്കുന്ന പൂനെ ക്രൈംബ്രാഞ്ച് സസൂൺ ഹോസ്പിറ്റലിലെ ഡോക്ടർ അജയ് തവാഡെ, ഡോ ഹരി ഹാർനോർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ആശുപത്രിയിൽ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച  രക്ത സാമ്പിളുകൾ പ്രായപൂർത്തിയാകാത്ത പ്രതിയുടേതല്ലെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

മെയ് 19 ന് രാവിലെ 11 മണിയോടെ, സസൂൺ ഹോസ്പിറ്റലിൽ ശേഖരിച്ച 17കാരന്റെ രക്ത സാമ്പിൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും മദ്യപിക്കാത്ത മറ്റൊരാളുടെ രക്ത സാമ്പിൾ എടുത്ത് ഫോറൻസിക് ലാബിലേക്ക് അയയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.അന്വേഷണത്തിൽ, സസൂൺ ഹോസ്പിറ്റലിലെ ഫോറൻസിക് മെഡിസിൻ വിഭാഗം എച്ച്ഒഡി അജയ് തവാഡെയുടെ നിർദ്ദേശപ്രകാരം ഡോ ഹരി ഹാർനോർ  ഇത് മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തിയതായി  അമിതേഷ് കുമാർ പറഞ്ഞു.

രണ്ട് ഡോക്ടർമാരുടെയും ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.പൊലീസിന്റെ അന്വേഷണത്തിൽ ഡോ. അജയ് തവാഡെയും പ്രതിയായ 17കാരന്റെ പിതാവും അപകട ദിവസം ഫോണിൽ സംസാരിച്ചതായും കണ്ടെത്തി.നിലവിൽ  ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന 17കാരന്റെ രക്ത പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, അന്നുരാത്രി അവർ സന്ദർശിച്ച ബാറുകളിൽ ഒന്നിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്  സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നത് വ്യക്തമായിരുന്നു.

അപകടത്തിനു മണിക്കൂറുകൾക്ക് മുമ്പ് 12-ാം ക്ലാസ് പരീക്ഷാഫലം വന്നത് പതിനേഴുകാരൻ പബ്ബിൽ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. മദ്യലഹരിയിൽ 200 കിലോമീറ്റർ വേഗത്തിലായിരുന്നു വാഹനമോടിച്ചിരുന്നത്. അമിതവേഗതയിലെത്തിയ പോർഷെ മധ്യപ്രദേശിൽനിന്നുള്ള ഐടി പ്രൊഫഷണലുകളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ത എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അശ്വിനി 20 അടി ഉയരത്തിലേക്കും അനീഷ് നിർത്തിയിട്ടിരുന്ന കാറിലേക്കും തെറിച്ച് വീണെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. പിന്നാലെ അടുത്തുള്ളവർ ഓടിയെത്തുന്നതും കാറിലുള്ളവരെ മർദ്ദിക്കുന്നതും സംഭവ സ്ഥലങ്ങളിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ആദ്യ രക്തസാമ്പിളിൽ മദ്യം ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതിൽ മദ്യം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത് സംശയം ജനിപ്പിച്ചതിനെ തുടർന്ന് ഡിഎൻഎ പരിശോധന നടത്തി. ഡിഎൻഎ പരിശോധനയിൽ സാമ്പിളുകൾ വ്യത്യസ്ത ആളുകളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. അതായത് പ്രതിയായ 17കാരന്റെ രക്ത സാമ്പിൾ മാറ്റി മറ്റൊരാളുടെ രക്തസാമ്പിൾ ഉപയോഗിക്കുകയായിരുന്നു.

പൂനെയിലെ ശതകോടീശ്വരമായ ബിൽഡർ വിശാൽ അഗർവാളിന്റെ മകനാണ് കല്യാണിനഗർ മേഖലയിൽ മദ്യപിച്ച് അമിതവേഗതയിൽ പോർഷെ ഓടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും 15 മണിക്കൂറിനുള്ളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു.കേസിൽ അച്ഛനും മുത്തച്ഛനും  പ്രതിയെ സംരക്ഷിക്കാൻ നിയമ നടപടികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ശക്തമാണ്.തന്നെ ഭീഷണിപ്പെടുത്തുകയും അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കുടുംബത്തിൻ്റെ ഡ്രൈവർ ആരോപിച്ചതിനെ തുടർന്ന് കൗമാരക്കാരന്റെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിരുന്നു. 

 

 

Arrest Crime News Doctors pune porsche accident