പൂനെ: യുവ ഐടി പ്രൊഫഷണലുകളുടെ മരണത്തിനിടയാക്കിയ പൂനെ പോർഷെ അപകടത്തിൽ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഡോക്ടറുടെ ജോലിക്കാരനിൽ നിന്ന് 3 ലക്ഷം രൂപ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്.കേസിൽ പ്രതിയായ 17 കാരൻ്റെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ചതിന് അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് പ്രതിഫലമായി ലഭിച്ചതാണ് ഈ തുകയെന്ന് വൃത്തങ്ങൽ പറഞ്ഞു.
സസൂൺ ഹോസ്പിറ്റലിലെ ഡോക്ടർ അജയ് തവാഡെ, ഡോ ഹരി ഹാർനോർ എന്നിവരാണ് അറസ്റ്റിലായത്.ഇതിൽ തവാഡെയുടെ കീഴിൽ ജോലി ചെയ്തിരുന്ന ഘട്ട്കാംബ്ലെ ഹൽനോറിൽ നിന്നാണ് പണം കൈപ്പറ്റിയതെന്നാണ് പൂനെ ക്രൈംബ്രാഞ്ച് പറയുന്നത്. പോലീസ് ഹൽനോറിനെ ചോദ്യം ചെയ്തതിന് ശേഷമാണ് പണം കണ്ടെടുത്തത്.
അപകടദിവസം ഡോ. തവാഡെയും പ്രതിയുടെ പിതാവും ഫോണിൽ സംസാരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പിതാവ് ഡോക്ടറെ വിളിച്ച് രക്ത സാമ്പിളുകൾ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.പ്രതിയായ17കാരന്റെ മദ്യത്തിൻ്റെ അംശം നീക്കം ചെയ്യാനാണ് സാമ്പിളുകൾ മാറ്റിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആശുപത്രിയിൽ ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചപ്പോൾ പരിശോധനയിൽ അത് പ്രായപൂർത്തിയാകാത്ത പ്രതിയുടേതല്ലെന്ന് കണ്ടെത്തിയതായി പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.മെയ് 19 ന് രാവിലെ 11 മണിയോടെ, സസൂൺ ഹോസ്പിറ്റലിൽ നിന്ന് എടുത്ത പ്രതിയായ കൗമാരക്കാരൻ്റെ രക്ത സാമ്പിൾ ഡസ്റ്റ് ബിന്നിലേക്ക് വലിച്ചെറിയുകയും മറ്റൊരാളുടെ രക്ത സാമ്പിൾ എടുത്ത് ഫോറൻസിക് ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു.
മധ്യപ്രദേശ് സ്വദേശികളായ രണ്ട് സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെ ജീവൻ അപഹരിച്ച അപകടത്തിൽ അറസ്റ്റിലായ 17 വയസുകാരൻ നിലവിൽ ഒബ്സർവേഷൻ ഹോമിൽ കഴിയുകയാണ്. അപകടത്തിനു മണിക്കൂറുകൾക്ക് മുമ്പ് 12-ാം ക്ലാസ് പരീക്ഷാഫലം വന്നത് പതിനേഴുകാരൻ പബ്ബിൽ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കേസിൽ നിർണാകയമായത്. മദ്യലഹരിയിൽ 200 കിലോമീറ്റർ വേഗത്തിലായിരുന്നു വാഹനമോടിച്ചിരുന്നത്.
അമിതവേഗതയിലെത്തിയ പോർഷെ മധ്യപ്രദേശിൽനിന്നുള്ള ഐടി പ്രൊഫഷണലുകളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ത എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അശ്വിനി 20 അടി ഉയരത്തിലേക്കും അനീഷ് നിർത്തിയിട്ടിരുന്ന കാറിലേക്കും തെറിച്ച് വീണെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. പിന്നാലെ അടുത്തുള്ളവർ ഓടിയെത്തുന്നതും കാറിലുള്ളവരെ മർദ്ദിക്കുന്നതും സംഭവ സ്ഥലങ്ങളിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.