അഹമ്മദാബാദ്: ഗുജറാത്തിൽ പരമ്പരാഗത ശിരോവസ്ത്രവും സൺഗ്ലാസും ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മർദിച്ച് മുന്നാക്ക ജാതിക്കാർ. വടക്കൻ ഗുജറാത്തിലെ സബർക്കാന്ത ജില്ലയിലെ ഹിമത് നഗർ താലൂക്കിൽ സയേബപൂർ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മർദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സൺഗ്ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് മർദനത്തിനായി പ്രകോപിപ്പിച്ചത്.
ഓട്ടോ ഓടിച്ചാണ് അജയ് പർമർ എന്ന യുവാവ് കുടുംബം പുലർത്തുന്നത്. ഇക്കഴിഞ്ഞ 18 ന് നവനഗർ ബസ്സ്റ്റാൻഡിന് സമീപത്തുവെച്ച് രണ്ടുപേർ വാഹനം തടഞ്ഞുനിർത്തി മർദിക്കുയായിരുന്നു. ഇൻസ്റ്റഗ്രാമിലെ പുതിയ പ്രൊഫൈൽ ചിത്രത്തെ കുറിച്ച് പറഞ്ഞായിരുന്നു മർദനമെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സവർണജാതിയിലുള്ളവർക്ക് മാത്രമെ ശിരോവസ്ത്രവും സൺഗ്ലാസും ധരിക്കാൻ പാടുള്ളുവെന്ന് പറഞ്ഞായിരുന്നു മർദനം. പ്രൊഫൈൽ ചിത്രം ഡിലീറ്റ് ചെയ്യാനും അവർ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിയതിനാലാണ് മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് അജയ് പറഞ്ഞു.