ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.പ്രധാനമന്ത്രി മോദി രാജ്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും അന്തസ് നശിപ്പിക്കുകയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജയ്പൂരിൽ നടന്ന തൻ്റെ ആദ്യ പ്രചാരണ റാലിയിലാണ് സോണിയയുടെ വിമർശനം.സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം സോണിയയുടെ ആദ്യ രാജസ്ഥാൻ സന്ദർശനമാണിത്.
ജനാധിപത്യത്തെ ഇല്ലാതാക്കാനും പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി ബിജെപിയിൽ ചേർക്കാനുമുള്ള എല്ലാ തന്ത്രങ്ങളും മോദി പ്രയോഗിക്കുകയാണെന്നും അവർ ആരോപിച്ചു.തൊഴിലില്ലായ്മ, വിലക്കയറ്റം, ദുരിതം എന്നിവയുടെ യാഥാർത്ഥ്യം മറച്ചുവെക്കാൻ മോദി സർക്കാർ വ്യാജ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ കബളിപ്പിക്കുകയാണെന്ന് വിദ്യാധർ നഗർ സ്റ്റേഡിയം റാലിയിൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
“കഠിനാധ്വാനത്തിലൂടെ വളർത്തിയെടുത്ത ജനാധിപത്യ സ്ഥാപനങ്ങൾ രാഷ്ട്രീയ അധികാരത്തിൻ്റെ ആയുധങ്ങൾ ഉപയോഗിച്ച് ദുർബലപ്പെടുത്തുകയാണ്, നമ്മുടെ ഭരണഘടന മാറ്റാൻ ഗൂഢാലോചന നടക്കുന്നു. വ്യവസ്ഥിതിയിൽ ഭീതി ജനിപ്പിക്കുകയും ചെയ്യുന്നു. ഇത് ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല;കേന്ദ്ര സർക്കാരിരെ അപലപിച്ച് സോണിയ പറഞ്ഞു.കഴിഞ്ഞ 10 വർഷമായി മോദി സർക്കാർ അസമത്വത്തെയും അതിക്രമങ്ങളെയും മാത്രമാണ് പ്രോത്സാഹിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അതെസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്കാ ഗാന്ധിയും മോദിയേയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർത്തിയത്.ഖാർഗെ പ്രധാനമന്ത്രിയെ നുണയന്മാരുടെ നേതാവെന്ന് പരിഹസിച്ചു.മോദി സർക്കാരിൻ്റെ വിദേശനയത്തെയും ഖാർഗെ ചോദ്യം ചെയ്തു. ചൈന ഇന്ത്യൻ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പേരുമാറ്റുകയും പുനർനാമകരണം ചെയ്യുകയും ചെയ്യുന്നു, എന്നാൽ പ്രധാനമന്ത്രി തൻ്റെ “56 ഇഞ്ച് നെഞ്ച്” ഇടിക്കുകയാണെന്നാണ് പറഞ്ഞത്. ഭരണഘടനയിൽ മാറ്റം വരുത്താൻ പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിൻ്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി സൃഷ്ടിച്ച എല്ലാ സ്ഥാപനങ്ങളും ആസൂത്രിതമായി നശിപ്പിക്കപ്പെടുകയാണെന്ന് പ്രിയങ്ക തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.മോദിയും ബിജെപിയും "സത്യം മറയ്ക്കാൻ" വലിയ മിന്നുന്ന സംഭവങ്ങളുടെ "പൊള്ളയായ ലോക"ത്തിലാണ് ജീവിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.കോൺഗ്രസിൻ്റെ 'ന്യായ് പത്ര' നീതി തേടുന്ന ഒരു രാജ്യത്തിൻ്റെ ശബ്ദമാണെന്നും പ്രിയങ്ക അവകാശപ്പെട്ടു.