വീണ്ടും ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ഹരിയാനയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കല്‍ കൂടി ബി.ജെ.പിക്ക് കൃത്യമായ ഭൂരിപക്ഷം നേടിത്തന്ന ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഹരിയാനയിലെ ജനങ്ങള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍. വികസന രാഷ്ട്രീയത്തിന്റേയും സദ്ഭരണത്തിന്റേയും വിജയമാണിത്. ഹരിയാനയിലെ ജനങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അറിയിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക മാത്രമല്ല കേന്ദ്രത്തിന്റെ വികസന അജണ്ടകളെ അവരിലേക്ക് എത്തിക്കുക കൂടിയാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നും കുറിച്ചു. ഹരിയാനയിലെ ചരിത്രഫലം ഇതിന്റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരില്‍ ബി.ജെ.പിയുടെ പ്രകടനത്തിലും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹാട്രിക് വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ബിജെപി ആസ്ഥാനത്ത് സജീവമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് അടക്കമുള്ളവര്‍ ഡല്‍ഹിയിലെ ആസ്ഥാനത്ത് എത്തി.