മണിപ്പൂര്‍ കലാപം; പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ബിരേന്‍ സിങ്

author-image
anumol ps
New Update
modi and biren

ബിരേന്‍ സിങും നരേന്ദ്ര മോദിയും

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി 
മുഖ്യമന്ത്രി ബിരേന്‍ സിങ്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു വര്‍ഷം മുന്‍പുണ്ടായ മണിപ്പുരിലെ വംശീയ കലാപത്തിന് ശേഷം  ആദ്യമായാണ് ഇരുവരും തമ്മില്‍ വിഷയത്തില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ബിരേന്‍ സിങ് ഡല്‍ഹിയിലെത്തിയത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു. വംശീയ കലാപം ഉണ്ടായ മണിപ്പുരിലെ നിലവിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നു മോദി നിര്‍ദേശിച്ചു. അനുസിയ ഉയ്‌കെയെ മണിപ്പുര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയ്ക്ക് മണിപ്പുരിന്റെ അധിക ചുമതല നല്‍കുകയും ചെയ്തതിന്റെ പിന്നാലെയാണ് മോദി - ബിരേന്‍ സിങ് കൂടിക്കാഴ്ച.

മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയിരുന്നു. ലോക്‌സഭയെ അടക്കം പ്രക്ഷുബ്ധമാക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാന ഭരണം ഉണ്ടായിട്ടുപോലും തിരഞ്ഞെടുപ്പില്‍ മണിപ്പുരിലെ രണ്ടു സീറ്റിലും ബിജെപി പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ വിജയം ബിജെപി ക്യാംപില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

കഴിഞ്ഞ വര്‍ഷം മെയ്‌തെയ് വിഭാഗവും കുക്കികളും തമ്മിലുണ്ടായ കലാപത്തില്‍ 220-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 50,000 പേര്‍ക്ക് കലാപത്തെ തുടര്‍ന്ന് പലായനം ചെയ്യേണ്ടതായും വന്നെന്നാണു റിപ്പോര്‍ട്ട്.



 

modi biren singh