പുതിയ ആറ് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും

ടാറ്റാനഗർ - പട്ന, ബ്രഹ്മപുർ-ടാറ്റാനഗർ, റൂർക്കേല-ഹൗറ, ദിയോഘർ-വാരണാസി, ഭഗൽപുർ-ഹൗറ, ഗയ-ഹൗറ എന്നീ റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക.

author-image
anumol ps
New Update
vandebharath

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡൽഹി: രാജ്യത്തിന് പുതിയ ആറ് വന്ദേ ഭാരത് ട്രെയിനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിക്കും. ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിലാകും  പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക.

ടാറ്റാനഗർ - പട്ന, ബ്രഹ്മപുർ-ടാറ്റാനഗർ, റൂർക്കേല-ഹൗറ, ദിയോഘർ-വാരണാസി, ഭഗൽപുർ-ഹൗറ, ഗയ-ഹൗറ എന്നീ റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക. പുതിയ ട്രെയിനുകൾ വേഗത, സുരക്ഷിത യാത്രാ സൗകര്യങ്ങൾ എന്നിവ പ്രദാനംചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

വന്ദേ ഭാരത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ തദ്ദേശീയമായി രൂപകൽപ്പനചെയ്ത വന്ദേഭാരത് ട്രെയിനുകൾ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് അത്യാധുനിക യാത്രാസവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തെ ആദ്യ വന്ദേഭാരത് മെട്രോ സർവീസ് ഗുജറാത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദ്-ഭുജ് റൂട്ടിലാണ് സർവീസ്. പൂർണമായും ശീതീകരിച്ച കോച്ചുകളായിരിക്കും. റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കില്ല.

മെട്രോ പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രക്കാർക്ക് സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുക്കാനാകുമെന്ന് വെസ്റ്റേൺ റെയിൽവേ പി.ആർ.ഒ. അറിയിച്ചു. 1,150 യാത്രക്കാർക്ക് ഇരുന്നും 2,058 യാത്രക്കാർക്ക് നിന്നും യാത്രചെയ്യാം. അഹമ്മദാബാദ് മുതൽ ഭുജ് വരെയുള്ള 360 കിലോമീറ്റർ യാത്ര അഞ്ച് മണിക്കൂർ 45 മിനിറ്റിൽ പൂർത്തിയാക്കും. ഒൻപത് സ്റ്റേഷനുകളാണുണ്ടാവുക. രാവിലെ 5:05 -ന് ഭുജിൽ നിന്ന് പുറപ്പെടുന്ന മെട്രോ 10:50-ന് അഹമ്മദാബാദിൽ എത്തും.

PM Modi vande bharat flag off