ബെംഗളൂരു: ലൈംഗികാരോപണം നേരിടുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനും ജനതാദൾ (സെക്കുലർ) എംഎൽസിയുമായ സൂരജ് രേവണ്ണ (37) അറസ്റ്റിൽ. 27-കാരനായ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കർണാടക പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്തത്.
ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസിൽ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്‌ചയാണ് ഹാസൻ ജില്ലയിലെ ഹോളനരസിപുര പൊലീസ് സ്റ്റേഷനിൽ 27കാരനായ ജെഡി (എസ്) പ്രവർത്തകൻ പരാതി നൽകിയത്.
പീഡനത്തിനോട് സഹകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാൻ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരൻ ആരോപിച്ചിരുന്നു.ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹൊലേനരസിപുര പൊലീസ് ശനിയാഴ്‌ച വൈകിട്ടോടെ സൂരജ് രേവണ്ണയ്‌ക്കെതിരെ കേസെടുത്തത്. എന്നാൽ, സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു.ആരോപണം വ്യാജമാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം.
തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ വ്യാജ പരാതി നൽകിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം.തുടർന്ന് സൂരജ് രേവണ്ണയുടെ അടുത്ത സഹായി ശിവകുമാറിൻ്റെ പരാതിയിൽ വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകനെതിരെ പൊലീസ് പണം തട്ടിയതിന് കേസെടുത്തിരുന്നു. സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പിന്നീട് അത് രണ്ട് കോടിയായി കുറച്ചതായും ആരോപണമുണ്ട്.