പോർട്ട് ബ്ലെയർ ഇനി മുതൽ ‘ശ്രീ വിജയപുരം’: പേരുമാറ്റി കേന്ദ്ര സർക്കാർ

ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാനനഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരു നൽകിയിരുന്നത്.

author-image
Vishnupriya
New Update
sgh
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്രം. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതും. ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാനനഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരു നൽകിയിരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പേരുമാറ്റാനുള്ള തീരുമാനം സമൂഹ മാധ്യമമായ എക്സിൽ കൂടി പ്രഖ്യാപിച്ചത്. നേരത്തെയുള്ള പേര് കൊളോണിയൽ പാരമ്പര്യത്തിൽ നിന്നുണ്ടായതാണെന്നും ശ്രീ വിജയപുരം എന്ന പേര് സ്വാതന്ത്ര്യ സമരത്തിൽ നാം നേടിയ വിജയത്തിന്റെ സൂചകമാണെന്നും അതിൽ ആൻഡമാൻ ദ്വീപുകൾക്ക് നിർണായക പങ്കുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യസമര ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുള്ളത്. ചോള സാമ്രാജ്യത്തിന്റെ നാവിക ആസ്ഥാനമായിരുന്നു ദ്വീപ് മേഖല. ഇന്ന് രാജ്യത്തിന്റെ തന്ത്രപ്രധാന, വികസന ലക്ഷ്യങ്ങളുടെ സുപ്രധാന കേന്ദ്രമാണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവർണ പതാക ഉയർത്തിയത് ഇവിടെയാണെന്നും അമിത് ഷാ എക്സിൽ പറഞ്ഞു.

amitshah Andaman Nicobar portblair