മുംബൈ: കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ വിവാദ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കർ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൂനെ റൂറൽ പൊലീസ് അറിയിച്ചു.തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മനോരമയ്‌ക്കും മറ്റ് ആറുപേർക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഒന്നര വർഷം മുൻപായിരുന്നു സംഭവം.കർഷകർ അന്ന് തന്നെ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല.മനോരമ ഖേദ്കർ കൈവശം വെച്ച തോക്കിന് ലൈസൻസ് ഉണ്ടോ എന്നതടക്കം അന്വേഷണ പരിധിയിൽ വരും.2023 ബാച്ച് ഐഎഎസ് ഓഫീസറായ പൂജ ഖേദ്കറിനെതിരെ കേന്ദ്ര അന്വേഷണം നടക്കുകയാണ്. സ്വകാര്യ ആഡംബര കാറിൽ വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ചതിന് പിന്നാലെയാണ് ഇവർ വിവാദത്തിലായത്.
തുടർന്ന് സിവിൽ സർവീസ് പ്രവേശനത്തിന് ഹാജരാക്കിയ ഭിന്നശേഷി സർട്ടിഫിക്കറ്റും റേഷൻ കാർഡും വ്യാജമാണെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിലേക്ക് തിരികെവിളിച്ചിരുന്നു. പരിശീലനം നിർത്തിവെയ്‌ക്കാനും നിർദ്ദേശം നൽകി. കൂടുതൽ നിയമ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പരിശീലന കേന്ദ്രത്തിലേക്ക് മടക്കി വിളിച്ചത്.