ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിൻറെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു.യമുനയിലെ വിഷപ്പത തീരത്തു താമസിക്കുന്നവർക്ക് കടുത്ത ആശങ്കയാകുകയാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ശൈത്യകാലം തുടങ്ങുമ്പോൾ ദില്ലിയിൽ മലിനീകരണം രൂക്ഷമാണ്. ഇതിൻറെ തെളിവാകുകയാണ് വിഷപ്പതയൊഴുകുന്ന യമുനാനദി. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത് വിഷപ്പത കണ്ടുതുടങ്ങിയത്.
സമീപത്തെ ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളും ഗാർഹികമാലിന്യങ്ങളുമെല്ലാം പുറന്തള്ളുന്നത് യമുനയിലേക്കാണ്..അങ്ങനെ ഉയർന്ന അളവിൽ നദിയിലെത്തുന്ന അമോണിയയും ഫോസ്ഫേറ്റുമൊക്കെയാണ് വിഷപ്പത രൂപപ്പെടുന്നതിൻറെ പ്രധാനകാരണം. യമുനയെ ആശ്രയിച്ച് ജീവിക്കുന്ന ദില്ലിയിലെ ജനങ്ങൾക്ക് ഈ മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്മനങ്ങളും കുറവല്ല. ത്വക്ക് രോഗങ്ങൾ മുതൽ ഗുരുതരമായ ശ്വാസകോശരോഗങ്ങൾക്ക് വരെ കാരണമാകുന്നു. വിഷം പതഞ്ഞൊഴുകുന്നത് എല്ലാ വർഷവും ആവർത്തിച്ചിട്ടും ശാശ്വതമായ ഒരു പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.
കെട്ടിനിൽക്കുന്ന വിഷപ്പത നദിയുടെ സ്വാഭാവിക ഒഴുക്കിനും തടസ്സമാകുകയാണ്. ചട്ട് പൂജയടക്കമുള്ള ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് മലിനീകരണ തോത് ഉയരുന്നത്. യമുനാനദിയിൽ മുങ്ങിനിവരുകയെന്നത് ചട്ട് പൂജയുടെ പ്രധാന ചടങ്ങാണ്.