നെഹ്റു കുടുംബം ദളിതരുടെ സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെന്ന് പ്രധാനമന്ത്രി

ജവാഹർലാൽ നെഹ്‌റു സംവരണത്തിനെതിരായിരുന്നു. അതുസംബന്ധിച്ച് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നുവെന്നും മോദി പറഞ്ഞു.

author-image
anumol ps
New Update
narendra modi
Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ചണ്ഡിഗഢ്: ഗാന്ധി കുടുംബം ദളിത് വിരുദ്ധരും ദളിതരുടെ സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിർത്തിട്ടുണ്ട്. ജവാഹർലാൽ നെഹ്‌റു സംവരണത്തിനെതിരായിരുന്നു. അതുസംബന്ധിച്ച് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നുവെന്നും മോദി പറഞ്ഞു.

അധികാരത്തിൽ ഉള്ളിടത്തോളം കാലം അംബേദ്കർ സംഭാവനചെയ്ത സംവരണത്തിന്റെ ഒരു വിഹിതംപോലും നീക്കിക്കളയാനോ അപഹരിക്കാനോ അനുവദിക്കില്ല. രാജ്യത്തെ ഏറ്റവുംവലിയ ദളിത്, ഒ.ബി.സി., ആദിവാസി വിരുദ്ധരാണ് ഗാന്ധി കുടുംബം. അധികാരത്തിലെത്തിയാൽ ദളിതരുടെ സംവരണം അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിർക്കുകയും സംവരണത്തിനെതിരേ നിലപാടെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവും സംവരണത്തിനെതിരായിരുന്നു. അതേക്കുറിച്ച് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നു. സംവരണാടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് ജോലി ലഭിക്കുന്നതെങ്കിൽ, സർക്കാർ സേവനങ്ങളുടെ ഗുണമേന്മ കുറയുമെന്ന് നെഹ്‌റു പറഞ്ഞിരുന്നതായും മോദി പറഞ്ഞു.

നെഹ്‌റുവിന്റെ മകൾ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഒ.ബി.സി. സംവരണം മുടങ്ങിയത്. വി.പി. സിങ് സർക്കാരിന്റെ കാലത്ത് ബി.ജെ.പി.യുടെ പിന്തുണയോടെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധിയും സംവരണത്തിനെതിരായിരുന്നു. സംവരണാടിസ്ഥാനത്തിൽ ജോലി ലഭിക്കുന്നവരെ 'ബുദ്ധു' എന്നാണ് രാജീവ് ഒരഭിമുഖത്തിൽ അഭിസംബോധന ചെയ്തത്. അത് പട്ടികജാതി-പട്ടികവർഗ, ഒ.ബി.സി.ക്കാരോട് നടത്തിയ വലിയ അവഗണനയാണ്. ഗാന്ധി കുടുംബത്തിൽനിന്ന് ഇപ്പോഴും ആ അവഗണന തുടരുന്നുവെന്നും മോദി പറഞ്ഞു.

PM Modi Obc reservation