പ്രധാനമന്ത്രി ജൂണ്‍ 20ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തില്‍ (എസ്‌കെഐസിസി) നടക്കുന്ന 'യുവജന ശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവര്‍ത്തനം' പരിപാടിയില്‍ പങ്കെടുക്കും. ജമ്മു കശ്മീരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. കാര്‍ഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തല്‍ പദ്ധതിക്കും (ജെകെസിഐപി) അദ്ദേഹം തുടക്കം കുറിക്കും. ജൂണ്‍ 21നു രാവിലെ ശ്രീനഗറിലെ എസ്‌കെഐസിസിയില്‍ നടാക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗാദിന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തില്‍ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് സിവൈപി യോഗ സെഷനില്‍ പങ്കെടുക്കും.
1500 കോടിയിലധികം രൂപയുടെ 84 പ്രധാന വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. റോഡ് അടിസ്ഥാനസൗകര്യം, ജലവിതരണ പദ്ധതികള്‍, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ, ചെനാനി-പത്‌നിടോപ്പ്-നാശ്രീ ഭാഗം മെച്ചപ്പെടുത്തല്‍, വ്യാവസായിക എസ്റ്റേറ്റുകളുടെ വികസനം, 6 ഗവണ്മെന്റ് ബിരുദ കോളേജുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.