ഡല്‍ഹിയിലെ പ്രാവ് തീറ്റ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു

ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തില്‍ വിവിധയിടങ്ങളിലായി ഇത്തരത്തില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങളുണ്ട്. 

author-image
Athira Kalarikkal
New Update
pigeon

File Photo

ന്യൂഡല്‍ഹി :  ഡല്‍ഹി നഗരത്തിലെ പതിവ് കാഴ്ച അന്യമാകുന്നു. പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടാനൊരുങ്ങുകയാണ്. രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തില്‍ വിവിധയിടങ്ങളിലായി ഇത്തരത്തില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങളുണ്ട്. 

വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും പതിറ്റാണ്ടുകളായി ഡല്‍ഹിയെ അടയാളപ്പെടുത്തുന്നവരെല്ലാം ഈ ചിറകടികളും കൂടെക്കൂട്ടിയിട്ടുണ്ട്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായി. കൊണാട്ട് പ്ലേസ്, ജണ്ഡേവാലന്‍, തല്‍ക്കത്തോറ. അങ്ങനെ നഗര മധ്യത്തില്‍ ബാക്കിയുള്ളയിടങ്ങള്‍ ദിവസവും പതിനായിരക്കണക്കിന് പ്രാവുകളെ ഊട്ടുന്നു. നഗരം കാണാന്‍ വരുന്നവര്‍ക്ക് ഇനി ഈ കൗതുക കാഴ്ച അന്യമാകും. 

എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ ക്രമാതീതമായി പെരുകിയ പ്രാവുകളും അവ പുറം തള്ളുന്ന വിസര്‍ജ്യങ്ങളും ചെറുതല്ലാത്ത ഭീഷണിയാകുന്നുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാല്‍മൊണെല്ല, ഇ കോളി, ഇന്‍ഫ്‌ലുവെന്‍സ തുടങ്ങിയ രോഗാണുക്കളുടെ വ്യാപനത്തിന് ഇത്തരം കേന്ദ്രങ്ങള്‍ സഹായിക്കുന്നുണ്ട്. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകും. ഇത് പരിഗണിച്ചാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രാവുതീറ്റ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. 

ഈ നടപടിക്ക് പിന്നാലെ ബുദ്ധിമുട്ടിലാന്‍ പോകുന്നത് വര്‍ഷങ്ങളായി ഇത്തരം കേന്ദ്രങ്ങളില്‍ തീറ്റ വില്ക്കുന്നരാണ്. ശുചിത്വം ഉറപ്പാക്കി ഭീഷണി മറികടക്കണമെന്നാണ് 9 വര്‍ഷമായി തീറ്റ വില്‍ക്കുന്ന ജില്‍നിയുടെ അപേക്ഷ. അടച്ചുപൂട്ടല്‍ നടപടികളെ കുറിച്ച് എംസിഡി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

delhi national news