ന്യൂഡൽഹി: ശരദ്പവാറിന്റെ മകളും എൻസിപി എംപിയുമായ സുപ്രിയ സുലെയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. തന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എംപി എക്സ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ മുൻകരുതലുകൾ സ്വീകരിച്ചിട്ടും വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധിക്കണമെന്നും എംപി പറഞ്ഞു. സംഭവത്തിൽ എംപി പുണെ റൂറൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, നിരവധി പ്രതിപക്ഷ പാർട്ടി എംപിമാരുടെയും നേതാക്കളുടെയും ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. പെഗാസസിനെ പോലെയുള്ള ഒരു സ്‌പൈവെയർ ആക്രമണത്തിന് ഉപഭോക്താക്കൾ ഇരയായേക്കാമെന്ന് ഐഫോൺ ഉപഭോക്താക്കൾക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാലടക്കമുള്ളവർ തൻറെ ഫോണിൽ സ്‌പൈവെയർ സാന്നിധ്യമുള്ളതായി ആപ്പിളിൻറെ മുന്നറിയിപ്പ് ലഭിച്ചതായി ആരോപിച്ചിരുന്നു.