ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) 13,000-ത്തിലധികം സജീവ അംഗങ്ങളുണ്ടായിരുന്നുവെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.). സിങ്കപ്പുർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
ഗൾഫ് രാജ്യങ്ങളിലെ മുസ്ലിം പ്രവാസികൾക്കായി പി.എഫ്.ഐ. ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റികൾ രൂപീകരിച്ചതായി ഇ.ഡി. വ്യക്തമാക്കി . കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണമാണ് ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. വിദേശത്തുനിന്നു സമാഹരിച്ച തുക ഹവാല ഇടപാടിലൂടെ ഇന്ത്യയിലെത്തിക്കും.
ഇത്തരത്തിൽ എത്തുന്ന പണത്തിന്റെ ഉത്ഭവം കണ്ടെത്താനാവില്ല. പണം രാജ്യത്തെത്തുന്നതോടെ സംഘടനയുടെ ഭാരവാഹികളിലേക്ക് ഈ തുകയെത്തുന്നു. തുടർന്ന്, നിയമവിരുദ്ധപ്രവർത്തനങ്ങൾക്കായി പണം ഉപയോഗിക്കുമെന്നും അന്വേഷണ ഏജൻസി പറയുന്നു.
പിഎഫ്ഐയുടെ ഉടമസ്ഥതയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വെള്ളിയാഴ്ച ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ.) പ്രകാരമാണ് മുംബൈയിലെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. വിവിധ ട്രസ്റ്റുകൾ, കമ്പനികൾ, വ്യക്തികൾ എന്നിവയുടെ പേരിലുള്ളവയാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ.