ലഖ്‌നൗ: പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കാൻ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. നിയമസഭാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെയും ആര്‍.ഒ.-എ.ആര്‍.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി.
പബ്ലിക് സര്‍വീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍, പ്രൊമോഷന്‍ പരീക്ഷകള്‍, ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശന പരീക്ഷകള്‍ എന്നിവയാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരുന്നത്. കൂടാതെ വ്യാജ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതും വ്യാജ തൊഴില്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്നതും കുറ്റകരമാനിന്നും ഇവർക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്നുമാണ് ഓര്‍ഡിനന്‍സിൽ പറയുന്നത്.
സമ്മേളനം നടക്കുന്നില്ലാത്തതിനാലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് പബ്ലിക് എക്‌സാമിനേഷന്‍സ് ഓര്‍ഡിനന്‍സ് 2024 എന്നാണ് ഇതിന്റെ പേര്. നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകള്‍ രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് വഴിതെളിച്ച സാഹചര്യത്തിലാണ് യു.പി. സര്‍ക്കാരിന്റെ നീക്കം.