ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്‌ഷൻ ടീമിന്റെ (ബാറ്റ്) പിന്തുണയോടെ നടത്തിയ നുഴഞ്ഞുകയറ്റശ്രമം തകർത്ത് ഇന്ത്യൻ സേന . നുഴഞ്ഞുകയറ്റ സംഘത്തിലെ പാക്ക് പൗരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ മോഹിത് റാത്തൗഡ് വീരമൃത്യു വരിച്ചു. ക്യാപ്റ്റൻ അടക്കം 4 സൈനികർക്കു പരുക്കേറ്റു. 2021ലെ ഇന്ത്യ–പാക്ക് വെടിനിർത്തൽ കരാറിനുശേഷം ‘ബാറ്റ്’ നടത്തുന്ന ആദ്യ ആക്രമണമാണിത്.
കഴിഞ്ഞദിവസത്തെ കാർഗിൽ വിജയ വാർഷികച്ചടങ്ങിൽ, അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ താക്കീതു നൽകിയതിനു പിന്നാലെയാണു പാക്ക് കടന്നാക്രമണം. ഇന്നലെ പുലർച്ചെയ്ക്കുമുൻപേ നടത്തിയ ആക്രമണത്തിൽ നിയന്ത്രണരേഖയിലെ കംകാരി സെക്ടറിലെ ആർമി പോസ്റ്റാണ് ‘ബാറ്റ്’ ലക്ഷ്യമിട്ടത്. ഗുരുതരമായി പരുക്കേറ്റ ജെസിഒ റാത്തൗഡ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.