ന്യൂഡല്‍ഹി: രാജ്യത്ത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്തിരിക്കുന്നത് 21 ലക്ഷത്തില്‍പരം സിം കാര്‍ഡുകളെന്ന് റിപ്പോര്‍ട്ട്. ടെലികമ്യൂണിക്കേഷന്‍ വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലാകമാനമുള്ള 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐ ആന്‍ഡ് ഡിഐയു) പരിശോധിച്ചത്.
സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി വ്യാജമായി നിര്‍മ്മിച്ചതോ അസാധുവായതോ ആയ രേഖകള്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രേഖകളാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമായി ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൗരന്മാര്‍ക്ക് അവരുടെ പേരില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ കണക്ഷനുകള്‍ അറിയാനും അപേക്ഷിക്കാത്തതോ ഉപയോഗിക്കാത്തതോ ആയ സിമ്മുകള്‍ ഉണ്ടെങ്കില്‍ അവ വിച്ഛേദിക്കുന്നതിന് അവസരമൊരുക്കാനുമുള്ള 'സഞ്ചാര്‍ സാഥി' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധനകള്‍. ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ എന്നീ ടെലികോം സ്ഥാപനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ഇതുമായി ബന്ധപ്പെട്ട് ജാഗ്രത നിര്‍ദേശം നല്‍കി. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നല്‍കുക, രേഖകള്‍ അടിയന്തിരമായി പുനഃപരിശോധിക്കുകയും വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷന്‍ വിച്ഛേദിക്കുക എന്നീ നടപടികള്‍ സ്വീകരിക്കണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്.