മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേരുന്നത് ദൗര്‍ഭാഗ്യകരമെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂരിലെ ജിരിബാമില്‍ നിന്ന് തിങ്കളാഴ്ച കാണാതായ ആറു പേരില്‍ മൂന്നു പേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ജിരി നദിയില്‍നിന്ന് കണ്ടെത്തിയിതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉടലെടുത്തത്.രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി.ബിഷ്ണുപുര്‍ ജില്ലയിലെ വനമേഖയില്‍ വെച്ച് സുരക്ഷാ സേനയ്ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. 40 വട്ടം വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.നവംബര്‍ ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 7 മുതല്‍ 13 മരണങ്ങളും മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.