രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ. കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെന്‍സസിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസിനുള്ള സാധ്യത തള്ളാതെയാണ് അദ്ദേഹം പ്രതികരിച്ചത്. പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്ത വഖഫ് ഭേദഗതി ബില്‍ വരും ദിവസങ്ങളില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ 100ദിനം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പമാണ് അമിത് ഷാ മാധ്യമങ്ങളെ കണ്ടത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രതിപാദിച്ചുള്ള ബുക്ക്‌ലെറ്റും പുറത്തിറക്കിയിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് പറഞ്ഞ അമിത് ഷാ ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് കെട്ടുറപ്പുള്ള വിദേശനയമുള്ള ഒരു ഇന്ത്യന്‍ സര്‍ക്കാറിനെ ലോകം കാണുന്നതെന്ന് മോദി പറഞ്ഞു. അറുപത് കോടി ഇന്ത്യക്കാര്‍ക്ക് വീട് ലഭിച്ചു. ടോയ്‌ലറ്റുകള്‍, ഗ്യാസ്, കുടിവെള്ളം, വൈദ്യുതി, 5കിലോഗ്രാം സൗജന്യ റേഷന്‍. അടുത്ത തവണ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വീടില്ലാത്ത ഒരാള്‍പോലും ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ ലക്ഷ്യം. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ നിരവധിയാളുകള്‍ പരിഹസിച്ചു. ഇന്ന് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉത്പാദനകേന്ദ്രമായി മാറിയെന്ന് അഭിമാനത്തോടുകൂടി പറയാന്‍ സാധിക്കും. നിരവധി രാജ്യങ്ങള്‍ക്ക് ഞങ്ങളുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പാക്കണമെന്നുണ്ടെന്നും ബഹിരാകാശ മേഖലയില്‍ ഇന്ത്യയ്ക്ക് നല്ല ഭാവിയുണ്ടെന്ന് ലോകം മുഴുവന്‍ അംഗീകരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.