ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: റിപ്പോര്‍ട്ടിന് അംഗീകാരംനല്‍കി കേന്ദ്രം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

author-image
Prana
New Update
modi amit
Listen to this article
0.75x 1x 1.5x
00:00 / 00:00

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദിസര്‍ക്കാരിന്റെ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചുകൊണ്ടാണ് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

മൂന്നാം മോദി സര്‍ക്കാരിന് തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണ ആവശ്യമാണ്. ആശയത്തെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍യു ദേശീയ വര്‍ക്കിങ് പ്രസിഡന്റും രാജ്യസഭാ എം.പി.യുമായ സഞ്ജയ് ഝായും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെ വിഷയം സംബന്ധിച്ച് എന്‍ഡിഎയിലെ വെല്ലുവിളി ഒഴിഞ്ഞതോടെയാണ് മന്ത്രിസഭയുടെ അംഗീകാരം വന്നിരിക്കുന്നത്.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ ഭരണഘടനാ ഭേദഗതികള്‍ക്കാവശ്യമായ അംഗബലം ലോക്‌സഭയിലോ രാജ്യസഭയിലോ നരേന്ദ്രമോദിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

 

 

one nation one election amit shah narendra modi Modi 3.0