വിശാഖപട്ടണം : ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനി 'ഐഎന്‍എസ് അരിഘട്ട്' പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്നലെ കമ്മിഷന്‍ ചെയ്തു. ഐഎന്‍എസ് അരിഘട്ട് ആണവ പ്രതിരോധ രംഗത്ത് രാജ്യത്തിന് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തല്‍. വിശദമായ ഗവേഷണത്തിനും വികസനത്തിനും ശേഷം 'നൂതന രൂപകല്‍പ്പനയും നിര്‍മ്മാണ സാങ്കേതികവിദ്യയും' ഉപയോഗിച്ചാണ് ഐഎന്‍എസ് അരിഘട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠി, ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സൂരജ് ബെറി, ഉന്നത ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിശാഖപട്ടണത്ത് വെച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാന്‍ഡിന് കീഴിലായിരിക്കും ഐഎന്‍എസ് അരിഘട്ട് പ്രവര്‍ത്തിക്കുക. ആണവ മിസൈല്‍ അന്തര്‍വാഹിനിയുടെ വിവരങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രതിരോധ മന്ത്രാലയം അധികം പുറത്തുവിട്ടിരുന്നില്ല. 6,000 ടണ്‍ ഭാരമുള്ള ഐഎന്‍എസ് അരിഘട്ട്, ഇന്തോ പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരീക്ഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. ആണവ ബാലിസ്റ്റിക് മിസൈലായ കെ-15 ആയിരിക്കും ഐഎന്‍എസ് അരിഘട്ടില്‍ ഉപയോഗിക്കുക.
മാസങ്ങളോളം വെള്ളത്തിനടിയില്‍ തുടരാന്‍ കഴിയുന്ന രീതീയിലാണ് ഐഎന്‍എസ് അരിഘട്ടിന്റെയും നിര്‍മാണം. അതേസമയം ഇന്ത്യയുടെ മൂന്നാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനിയായ 'ഐഎന്‍എസ് അരിദാമാന്‍' നിര്‍മാണവും പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം തന്നെ ഈ ആണവ മിസൈല്‍ അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.