പത്ത് ദിവസം ബാഗില്ലാതെ സ്‌കൂളിൽ പോകുന്ന കുട്ടികൾ. മനോഹരമായ ആ കാഴ്ച ഇനി സാധ്യമാകും. വിദ്യാർത്ഥികളുടെ സമ്മർദ്ദം ഒഴിവാക്കാൻ ലക്ഷ്യം വച്ച് ബാഗില്ലാത്ത പത്ത് ദിവസങ്ങളെന്ന നിർദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് ഡൽഹി ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കായാണ് നിർദ്ദേശം.
എൻസിഇആർടിയാണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഡൽഹിയിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് നിർദ്ദേശങ്ങൾ ബാധകമാണ്. ബാഗ് ഉൾപ്പെടാത്ത ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ നിർദ്ദേശിക്കുന്നതാണ് പുതിയ മാർഗരേഖ.
ഇതോടൊപ്പം ഈ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും സന്ദർശിക്കാനും ആശയവിനിമയം നടത്താനും ഇതിലൂടെ സാധ്യമാകും. വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇപ്പോൾ പദ്ധതിയുടെ മാർഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.