ഉഷ്ണതരംഗം രൂക്ഷമായ ഉത്തരേന്ത്യയിൽ സൂര്യാഘാതമേറ്റ് മരണം. ബീഹാർ സ്വദേശിയാണ് മരിച്ചത്. രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂട് ഡൽഹിയിൽ 50 ഡിഗ്രി കടന്നതോടെ സർക്കാർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഡൽഹിയിൽ റെഡ് അലർട്ട് തുടരുകയാണ്.
ബീഹാർ ദർഭംഗ സ്വദേശിയായ 30 കാരനാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഡൽഹിയിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 52.3°C താപനിലയിൽ കുറവ് ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ഉഷ്ണ തരംഗം തുടരുകയാണ്. 50 ഡിഗ്രിക്ക് മുകളിലാണ് രാജസ്ഥാനിൽ രേഖപ്പെടുത്തിയ താപനില. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 49.1°C ഉം രേഖപ്പെടുത്തി. ഉഷ്ണതരംഗം രൂക്ഷമായതിനെ തുടർന്നുള്ള ജലക്ഷാമം മറികടക്കാൻ കർശന നടപടി ഡൽഹി സർക്കാർ സ്വീകരിക്കും. വെള്ളം പാഴാക്കിയാൽ 2000 രൂപയാണ് പിഴച്ചുമത്തുക. പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ സർക്കാർ രൂപീകരിക്കും. ആളുകൾ പകൽസമയം പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.