ചെന്നായ്ക്കളുടെ ആക്രമണത്തിൽ വലഞ്ഞ് ഉത്തരേന്ത്യയിലെ ബഹ്റെയ്ച്ച് ജില്ല. ജില്ലയിലെ 35 ഗ്രാമങ്ങളാണ് ചെന്നായ്ക്കളുടെ ഭീതിയിൽ കഴിയുന്നത്. ഇതുവരെ ചെന്നായ്ക്കൂട്ടം കൊന്നൊടുക്കിയത് 10 പേരെയാണ്. നിരവധിയാളുകൾക്ക് പരിക്കുമേറ്റു. മനുഷ്യരെ തിന്നുന്ന ചെന്നായ്ക്കളെ പിടികൂടാൻ ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഇതുവരെ നാലെണ്ണത്തെ മാത്രമേ പിടികൂടാൻ സാധിച്ചിട്ടുള്ളൂ.ഇവയെ തുരത്താനുള്ള നടപടികൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. 10 അംഗങ്ങളടങ്ങിയ രണ്ട് വനപാലക സംഘങ്ങളെയാണ് രൂപീകരിച്ചത്. ഗ്രാമങ്ങളിൽ ചെന്നായ്ക്കളുടെ ഭീഷണി ഇല്ലാതാക്കുന്നതിന്റെ മുഴുവൻ ചുമതലയും ഇവർക്കാണ്.
പ്രിൻസിപ്പൽ വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയ് ശ്രീവാസ്തവയുടെ നിർദേശമനുസരിച്ചാണ് സ്ക്വാഡിനെ രൂപീകരിച്ചത്. ബഹ്റെയ്ച്ചിൽ രണ്ടുദിവസത്തിനിടെ നാലു പേരെയാണ് ചെന്നായ്ക്കൾ ആക്രമിച്ചത്. നാലുകുട്ടികളെ ചെന്നായ്ക്കൾ കടിച്ചു കീറിക്കൊന്നു.ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗ്രാമീണർ കടുത്ത ഭീതിയിലാണ്. രാവും പകലും ചെന്നായ്ക്കളെ പിടികൂടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ജീവനോടെ പിടികൂടാൻ സാധിക്കുന്നില്ലെങ്കിൽ ചെന്നായ്ക്കൾ വെടിവെച്ചു കൊല്ലണമെന്ന് നേരത്തേ യു.പി വനംമന്ത്രി അരുൺ കുമാർ സക്സേന നിർദേശിച്ചിരുന്നു.