ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബിഹാറിലെ ദര്‍ഭംഗയിലാണ് സംഭവം.
വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയില്‍ ഇരിക്കാന്‍ മോദി ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ നിതീഷ് പെട്ടെന്ന് പ്രധാനമന്ത്രിയുടെ പാദംതൊടാന്‍ ശ്രമിച്ചു. ഉടനെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ മോദി നിതീഷിനെ തടയുന്നതും പിന്നീട് ഹസ്തദാനം ചെയ്ത ശേഷം നിതീഷ് മോദിക്ക് സമീപം ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഇത് ആദ്യമായല്ല മോദിയുടെ കാലില്‍ വീഴാന്‍ നിതീഷ് ശ്രമിക്കുന്നത്. ജൂണില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിക്കിടെ മോദിയുടെ കാലില്‍ തൊടാന്‍ നിതീഷ് ശ്രമിച്ചത് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. നിതീഷ് കുമാറിനേക്കാള്‍ ഒരു വയസ്സ് മാത്രം കൂടുതലുള്ള വ്യക്തിയാണ് നരേന്ദ്രമോദി.
എയിംസ് ഉള്‍പ്പടെ 12,000 കോടി രൂപയുടെ പദ്ധതിയ്ക്ക് തറക്കല്ലിടാനായാണ് പ്രധാനമന്ത്രി ദര്‍ഭംഗയിലെത്തിയത്. പ്രസംഗത്തിനിടെ മോദി നിതീഷിനെ വാനോളം പ്രശംസിക്കുകയും ചെയ്തു.