ലഖ്നൗ:രാജ്യത്തെ മോശമായ റോഡുകളുടെ പേരിൽ ഏജൻസികളേയും കരാറുകാരെയും വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മോശമായി പ്രവർത്തിക്കുന്നവരുടെ ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടും. പുതിയ ടെൻഡറുകൾക്ക് അപേക്ഷിക്കാൻ ഇവരെ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേയുടെ മോശം അവസ്ഥയാണ് വിമർശനത്തിന് വഴിവെച്ചത്. ഗാസിയാബാദിൽ വൃക്ഷത്തെ നടീൽയജ്ഞം ഉദ്ഘാടനം ചെയ്യാൻ ഈ വഴി യാത്ര ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനം.
'വളരെ കാലത്തിന് ശേഷമാണ് ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ ഉപയോഗിക്കുന്നത്. ജോലി ചെയ്യാതിരിക്കുന്ന നിരവധി ആളുകൾ വിരമിക്കണമെന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു. വളരെ മോശമായ രീതിയിലാണ് ഈ റോഡിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും നടത്തുന്നത്.
ഞങ്ങൾ നിങ്ങളെ വെറുതെവിടില്ല. ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടും. തുടർന്ന്, കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തും. പുതിയ ടെൻഡറുകൾക്ക് അപേക്ഷിക്കാൻ ഇവരെ അനുവദിക്കില്ല. കൃത്യമായി കാര്യങ്ങൾ ചെയ്യുന്നവർക്ക് അവാർഡ് നൽകും. എന്നാൽ, മോശം രീതിയിലാണ് പ്രവർത്തനമെങ്കിൽ സംവിധാനത്തിൽ നിന്നും അവരെ പുറത്താക്കും', ഗഡ്കരി പറഞ്ഞു.