മൂന്നാം മോദി മന്ത്രിസഭയിൽ നിർമ്മല സീതാരാമൻ വീണ്ടും ധനമന്ത്രി ആയതിൽ ആശങ്ക പങ്കുവെച്ച് സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം തുടരുമെന്ന ആശങ്ക പങ്കുവെച്ചത്. നിർമ്മലാ സീതാരാമൻ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സർക്കാരാണ് രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങൾ തിരുത്തിക്കൊണ്ട് കേരള സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. നിർമ്മലാ സീതാരാമൻ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോൾ കേന്ദ്ര സമീപനത്തിൽ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും തോമസ് ഐസക് പോസ്റ്റിൽ പറഞ്ഞു.
" രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാൻ തയ്യാറായ കേരളത്തോട് കൂടുതൽ വിവേചനപരമായ നിലപാടായിരിക്കും കേന്ദ്രം സ്വീകരിക്കുക. 2016-ൽ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്കരിച്ചത്. ഒരിക്കൽപ്പോലും കിഫ്ബി വായ്പ സർക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല.
ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സർക്കാർ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വർഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സർക്കാരും കണക്ക് എഴുതുമ്പോൾ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സർക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല," എന്നാൽ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ കേന്ദ്രം ഈ ചട്ടം തിരുത്തിയിരിക്കുകയാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഇനിമേൽ കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാർ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകൾ സർക്കാർ കടത്തിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.