ദില്ലി: തായ്‌വാനിലെ തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെൻ്റർ (ടിഇസിസി) മുംബൈയിൽ പുതുതായി ഓഫീസ് ആരംഭിച്ചു. അതേസമയം, ഓഫീസിനെതിരെ നയതന്ത്ര പ്രതിഷേധം അറിയിച്ച് ചൈന രംഗത്തെത്തി. ലോകത്ത് ഒരൊറ്റ ചൈന മാത്രമേയുള്ളൂവെന്നും തായ്‌വാൻ ചൈനയുടെ പ്രദേശത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യാഴാഴ്ച പറഞ്ഞു.
തായ്‌വാനുമായി നയതന്ത്രബന്ധം പുലർത്തുന്നതുൾപ്പെടെ എല്ലാത്തരം ഔദ്യോഗിക ബന്ധങ്ങളെയും ആശയവിനിമയങ്ങളെയും ചൈന ശക്തമായി എതിർക്കുന്നുവെന്നും ചൈന അറിയിച്ചു. ഏക ചൈന തത്ത്വം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട രാഷ്ട്രീയ പ്രതിബദ്ധതയാണെന്നും ഇന്ത്യ-ചൈന ബന്ധത്തിൻ്റെ രാഷ്ട്രീയ അടിത്തറയാണെന്നും വക്താവ് പറഞ്ഞു.
തായ്‌വാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിവേകത്തോടെ പരിഹരിക്കാനും, തായ്‌വാനുമായി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്നും, ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനും ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നുവെന്നും വക്താവ് പറഞ്ഞു. നേരത്തെ, ദില്ലിയിലും ചെന്നൈയിലും ടിഇസിസി സെന്ററുകൾ തുറന്നിരുന്നു. മൂന്നാമത്തെ സെന്ററാണ് മുംബൈയിൽ തുറന്നത്.