ന്യൂഡല്‍ഹി: രാജ്യത്ത് ക്ഷയരോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ക്ഷയരോഗത്തിന്റെ 34 ശതമാനവും പോഷകാഹാരക്കുറവുകൊണ്ടാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പിന്റെ ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയ മെഡിക്കല്‍ കൗണ്‍സിലിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഗവേഷണ വിഭാഗത്തിലെ ഹേമന്ത് ദീപക് ഷെവാദിന്റേതാണ് പഠനം.
ക്ഷയരോഗവും പോഷകാഹാരക്കുറവും പരസ്പരം ബന്ധപ്പെട്ടതാണ്. ഗുരുതരമായി ക്ഷയരോഗം ബാധിച്ചവര്‍ക്ക് മികച്ച പോഷാകാഹാരവും കിടത്തിച്ചികിത്സയും അനിവാര്യമാണെന്നും നിര്‍ദേശിക്കുന്നു.
ഗുരുതരമായ ക്ഷയരോഗമുള്ള മുതിര്‍ന്നവര്‍ക്കിടയില്‍ പോഷകാഹാരം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആശുപത്രിജീവനക്കാര്‍ പൊതുവേ ബോധവാന്മാരല്ല. എന്നാല്‍, കുട്ടികളുടെ കാര്യത്തില്‍ അതിനു പ്രത്യേക പരിഗണന നല്‍കാന്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ശ്രദ്ധിക്കുന്നുണ്ട്. ക്ഷയരോഗം ബാധിച്ച മുതിര്‍ന്നവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിലും മറ്റുമായി ഗൗരവപരമായ നടപടികള്‍ അത്യാവശ്യമാണ്. ഇക്കാര്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമാക്കണം.
മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും മികച്ച പോഷകാഹാര ലഭ്യത ഉറപ്പാക്കണം. ക്ഷയരോഗം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ടെന്നും പഠനത്തിലുണ്ട്.
ക്ഷയരോഗ നിര്‍മാര്‍ജനത്തിനായി 2022-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ച കാസനോയി എരപ്പില തിട്ടം പദ്ധതിയെ അഭിനന്ദിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ്, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവരെ കണ്ടെത്തി സമഗ്രമായ പരിശോധനകളും പരിചരണവുമാണ് ഇതിലൂടെ നല്‍കുന്നത്.
പരിശോധനയില്‍ മുതിര്‍ന്നവരില്‍ 25 ശതമാനം പേര്‍ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടായതായും കണ്ടെത്തി. ക്ഷയരോഗികള്‍ക്കിടയിലെ വളരെ ഗുരുതരമായ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ പ്രത്യേകം ഭക്ഷണക്രമം ഏര്‍പ്പെടുത്തണമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.