മുംബൈ: തകർന്നു വീണ ഛത്രപതി ശിവാജിയുടെ പ്രതിമയ്ക്കു പകരം 60 അടി ഉയരത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ പ്രതിമ സ്ഥാപിക്കുന്നതിന് കരാർ ക്ഷണിച്ചു. 6 മാസത്തിനുള്ളിൽ പ്രതിമ സ്ഥാപിക്കാനാണു പദ്ധതി. രൂപകൽപനയും നിർമാണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാകും.
സിന്ധുദുർഗിലെ കോട്ടയിൽ ഡിസംബറിൽ സ്ഥാപിച്ച പ്രതിമ ഓഗസ്റ്റിൽ തകർന്നു വീണതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും ജനങ്ങളോട് മാപ്പ് പറഞ്ഞു. നാവികസേനയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രതിമ ശക്തമായ കാറ്റിലാണ് തകർന്നത്. പ്രതിമയ്ക്ക് സർക്കാർ 2.42 കോടി രൂപ ചെലവഴിച്ചു. പുതിയ പ്രതിമയ്ക്ക് 100 വർഷത്തെ ഗാരന്റിയാണ് കരാറുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 10 വർഷത്തെ അറ്റകുറ്റപ്പണികളും കരാറുകാരൻ നടത്തണം.