ന്യൂഡൽഹി: ഐസി 814 - ദി കാണ്ഡഹാർ ഹൈജാക്ക് വെബ് സീരീസ് വിവാദത്തിൽ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് മേധാവിക്ക് സമൻസ് അയച്ച് കേന്ദ്രം. 1999-ൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹർകത്-ഉൾ-മുജാഹിദീൻ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വെബ് സീരീസിൽ പറയുന്നത്.
വെബ് സീരീസിൽ വിമാനം റാഞ്ചിയ ഭീകരർക്ക് നൽകിയ പേരുകൾ വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു. ഹൈജാക്കർമാരെ ഭോല, ശങ്കർ എന്നീ പേരുകളിലാണ് അവതരിപ്പിക്കുന്നത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങളുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഉള്ളടക്ക മേധാവി മോണിക്ക ഷെർഗിലിനെ വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിച്ചത്.
1999 ഡിസംബർ 24-ന് ഇന്ത്യൻ എയർലൈൻസിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് വെബ് സീരീസിൽ പറയുന്നത്. 191 യാത്രക്കാരുമായി പറഞ്ഞ വിമാനം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകകയായിരുന്നു. എന്നാൽ യാത്രക്കാരെന്ന വ്യാജേന വിമാനത്തിൽ കടന്ന അഞ്ച് ഹൈജാക്കർമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
മാധ്യമപ്രവർത്തകൻ സൃഞ്‌ജോയ് ചൗധരിയും ഭീകരർ റാഞ്ചിയ വിമാനത്തിന്റെ ക്യാപ്റ്റൻ ദേവി ശരണും ചേർന്ന് എഴുതിയ ''ഫ്‌ലൈറ്റ് ഇൻടു ഫിയർ: ദി ക്യാപ്റ്റൻസ് സ്റ്റോറി'' എന്ന പുസ്തകത്തിൽ നിന്നാണ് സീരീസ് നിർമ്മിച്ചത്.