കാഠ്മണ്ഡു: കനത്ത മഴയെത്തുടർന്ന് മധ്യ-കിഴക്കൻ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 148 ആയി. 64 പേരെ കാണാതായിട്ടുണ്ട്. കാഠ്മണ്ഡു താഴ്‍വരയിലാണ് പ്രളയം കനത്തനാശം വിതച്ചത്. ഇവിടെ 322 വീടുകൾ തകർന്നു. 16 പാലങ്ങൾ ഒഴുകിപ്പോയി. ഇവിടെനിന്ന് 3626 പേരെ സൈന്യം രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ചു.
45 വർഷത്തിനിടെ താഴ്‍വരയിലുണ്ടാകുന്ന വലിയ വെള്ളപ്പൊക്കമാണിത്. ശനിയാഴ്ച ധാഡിങ് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു. മലയിടിഞ്ഞസമയം അതുവഴി പോയ ബസിലെ യാത്രക്കാരാണിവരെല്ലാം. നേപ്പാൾ ഫുട്‌ബോൾ അസോസിയേഷന്റെ പരിശീലനകേന്ദ്രത്തിനുസമീപമുണ്ടായ ഉരുൾപൊട്ടലിൽ ആറ് ഫുട്‌ബോൾ താരങ്ങളും മരിച്ചു.
രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകള്‍ തകര്‍ന്നു. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.