ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ സർക്കാരിനെതിരെ ലോക്സഭയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷം.രാജ്യത്തെ പരീക്ഷ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.ചോദ്യ പേപ്പർ ചോർച്ച ഗുരുതരമായ വിഷയമാണെന്നും അതിൻ്റെ പൂർണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നീറ്റിൽ മാത്രമല്ല, എല്ലാ പ്രധാന പരീക്ഷകളിലും നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ വളരെ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് വ്യക്തമാണെന്ന് രാഹുൽ ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു.
പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന് സ്ഥിതിയായിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.ജെപിസി അന്വേഷണം വേണമെന്നായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ നിർദേശം. എൻടിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ റെക്കോർഡ് സൃഷ്ടിച്ചെന്നായുിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന. അതേ സമയം നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.
അതെസമയം പട്നയിൽ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ക്രമക്കേടിൽ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വിമർശിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം തകർത്തത് കോൺഗ്രസാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.