ഡൽഹി: നീറ്റ്-യുജി പരീക്ഷയുടെ സമഗ്രതയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യവ്യാപക പ്രതിഷേധവും, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടും ഒരുപാട് അറസ്റ്റുകൾ, സിബിഐ അന്വേഷണം, നിരവധി കോടതി വിചാരണകൾ, ഒടുവിൽ പാർലമെന്റ് പ്രക്ഷുബ്ധമാകുന്നു എന്നിവയ്ക്ക് കാരണമായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ റിപ്പോർട്ടുകൾ പരീക്ഷാ നടത്തിപ്പിനെ ബാധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
നിലവിൽ, നീറ്റ് പരീക്ഷ ഒരു വാർഷിക എഴുത്ത് പരീക്ഷയാണ് (എം.സി.ക്യു ടെസ്റ്റ്). ഇവിടെ ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് അവരുടെ ഉത്തരം തിരഞ്ഞെടുത്ത് ഒപ്റ്റിക്കലി സ്കാൻ ചെയ്ത ഒഎംആർ ഷീറ്റിൽ ഇത് അടയാളപ്പെടുത്തണം. മുമ്പ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് പരീക്ഷ ഓൺലൈൻ രീതിയിലേക്ക് മാറ്റാനുള്ള നിർദ്ദേശങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രാലയം എതിർത്തിരുന്നു.
എന്നാൽ, ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) മെയിൻ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ഐഐടികളിലേക്കും എഞ്ചിനീയറിങ് കോളേജുകളിലേക്കും പ്രവേശനം നേടുന്നതിനുള്ള ഒരു പ്രായോഗിക ഓപ്ഷനായി കാണുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിളിച്ച മൂന്ന് ഉന്നതതല യോഗങ്ങളിലെങ്കിലും ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം.
2018-ൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കർ നീറ്റ് ഓൺലൈനായും 2019 മുതൽ വർഷത്തിൽ രണ്ടു തവണയും നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഔപചാരിക കൂടിയാലോചന കൂടാതെയുള്ള പ്രഖ്യാപനത്തെ ആരോഗ്യ മന്ത്രാലയം എതിർത്തതിനെ തുടർന്ന് തീരുമാനം പിൻവലിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർബന്ധിതരായി. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിൻ്റെ ആശങ്ക പാവപ്പെട്ടവരും ഗ്രാമീണരുമായ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നതായിരുന്നു.
“ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ജെഇഇ മെയിൻ എടുക്കുകയും ജെഇഇ (അഡ്വാൻസ്ഡ്) യോഗ്യത നേടുകയും ചെയ്യുന്നു. അവ രണ്ടും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റുകളാണ്. പിന്നെ എന്തിനാണ് ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള നീറ്റ് ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രശ്നമാകുന്നത്?," ആരോഗ്യ മന്ത്രാലയത്തിൻ്റെ പുനർവിചിന്തനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.