മുംബൈ: മഹാരാഷ്ട്രയിലെ എൻഡിഎ ഘടകകക്ഷിയിൽ നിന്ന് ഇന്ത്യാ സഖ്യത്തിലേക്ക് കൂടുതൽ നേതാക്കൾ കൂടുമാറുന്നതായി റിപ്പോർട്ട്. അടുത്ത മാസം മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ കൂടുമാറ്റം എന്നതും ശ്രദ്ധേയമാണ്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ പാട്ടീൽ തിങ്കളാഴ്ച ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയിൽ ചേർന്നു. നാഷനൽ ഫെഡറേഷൻ ഓഫ് കോ–ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറീസ് പ്രസിഡന്റായിരുന്നു. ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇന്ദാപുർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎയ്ക്കെതിരെ ഹർഷവർധൻ പവാർ വിഭാഗം സ്ഥാനാർഥിയാകും.
എൻഡിഎ ഘടകകക്ഷികളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ നേതാക്കൾ ഇന്ത്യാ മുന്നണിയുടെ ഭാഗമായി. കോലാപുരിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ഛത്രപതി ശിവാജിയുടെ പിൻമുറക്കാരിൽ ഒരാളുമായ സമർജിത് സിങ് ഗാട്ഗെ കഴിഞ്ഞ മാസം പവാറിന്റെ പാർട്ടിയിൽ ചേർന്നിരുന്നു. ഇദ്ദേഹം കോലാപുരിലെ കഗാൽ മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. മഹാരാഷ്ട്രാ നിയമസഭാ കൗൺസിൽ മുൻ ചെയർമാനായ രാംരാജെ നിംബാൽക്കർ അടക്കം എൻസിപി അജിത് പക്ഷത്തെ മൂന്നു മുതിർന്ന നേതാക്കൾ ശരദ് പവാറിന്റെ പാർട്ടിയിൽ ഉടൻ ചേർന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. മാഡാ എംഎൽഎ ബബൻ നായിക്, ദൗണ്ഡ് മുൻ എംഎൽഎ രമേഷ് തോറാട്ട് എന്നിവരാണ് മറ്റു നേതാക്കൾ.
എൻസിപിയുടെ ശക്തികേന്ദ്രമായ പശ്ചിമ മഹാരാഷ്ട്രയിൽ നിന്നുള്ള നേതാക്കളാണു അഞ്ചു പേരുമെന്നത് മേഖലയിൽ ശരദ് പവാറിന്റെ കരുത്തു കൂട്ടും. ശിവസേനാ ഷിൻഡെ വിഭാഗം നേതാവും കല്യാൺ–ഡോംബിവ്‌ലി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായ യുവജന വിഭാഗം നേതാവ് ദീപേഷ് മാത്രെ ഉദ്ധവ് വിഭാഗത്തിൽ ചേർന്നു. ബിജെപിയിലേക്കു ചേക്കേറിയ കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ഭാര്യാസഹോദരൻ ഭാസ്കർറാവു ഖഡ്ഗാവൻകറും മരുമകൾ മീനയും കഴിഞ്ഞ മാസം ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.
മുൻ എംഎൽഎയും ഗോണ്ടിയയിലെ ബിജെപി നേതാവുമായ ഗോപാൽദാസ് അഗർവാളും മുംബൈ മുൻ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയും അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു.