ന്യൂഡല്‍ഹി: മൂന്നാം എന്‍.ഡി.എ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ മന്ത്രിസ്ഥാനങ്ങള്‍ക്കായി ചർച്ചകൾ നടക്കുമ്പോഴും പ്രധാന വകുപ്പുകള്‍ ബി.ജെ.പി. വിട്ടുനല്‍കില്ലെന്ന് സൂചന. പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകളില്‍ ബി.ജെ.പി. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നാണ് വിവരം. സ്പീക്കര്‍ പദവിക്കായുള്ള സഖ്യകക്ഷികളുടെ ആവശ്യവും ബി.ജെ.പി. അംഗീകരിച്ചേക്കില്ല.
16 എം.പിമാരുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും 12 സീറ്റ് നേടിയ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടുവെന്ന് വിവരങ്ങളുണ്ടായിരുന്നു. ബി.ജെ.പി. വലിയ ഒറ്റകക്ഷിയായിരുന്ന 2014-ലും 2019-ലും സഖ്യകക്ഷികള്‍ക്ക് പ്രധാനവകുപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല.
പഞ്ചായത്തീരാജ്, ഗ്രാമീണ വികസന വകുപ്പുകള്‍ ജെ.ഡി.യുവിനും വ്യോമയാന- സീറ്റീല്‍ വകുപ്പുകള്‍ ടി.ഡി.പിക്കും നല്‍കാന്‍ നിലവില്‍ ബി.ജെ.പി. തയ്യാറാണെന്നാണ് വിവരം. ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് ശിവസേനയ്ക്കും നല്‍കിയേക്കും. ധനം പ്രതിരോധം വകുപ്പുകളില്‍ സഹമന്ത്രിസ്ഥാനവും നല്‍കാമെന്നാണ് ധാരണ. ടൂറിസം, എം.എസ്.എം.ഇ, നൈപുണ്യ വികസനം, ശാസ്ത്ര- സാങ്കേതികം,എര്‍ത്ത് സയന്‍സ്, സാമൂഹിക നീതി വകുപ്പുകളും സഖ്യകക്ഷികള്‍ക്ക് നല്‍കാന്‍ തയ്യാറായേക്കും. സ്പീക്കര്‍ പദവി എന്ന ആവശ്യത്തില്‍ ചന്ദ്രബാബു നായിഡു ഉറച്ചു നിന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി തൃപ്തിപ്പെടുത്താനും നീക്കമുണ്ട്.