ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനർനിയമിച്ച് കേന്ദ്രം സർക്കാർ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി.കെ. മിശ്രയെയും മന്ത്രിസഭാ നിയമന സമിതി പുനർനിയമിച്ചു.
കഴിഞ്ഞ പത്തുവർഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ അജിത് ഡോവലുണ്ട്. തുടർന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നില്ക്കാൻ താൽപര്യമില്ലെന്ന് അജിത് ഡോവൽ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അജിത് തന്നെ തുടരണമെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 1968 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 20 വർഷമായി ചൈനയുമായുള്ള അതിർത്തി ചർച്ചകൾക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയുമാണ്. സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയിലെത്തും മുൻപ് ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്നു. കാണ്ഡഹാർ രക്ഷാദൗത്യം, 2016 ലെ സർജിക്കൽ സ്ട്രൈക്ക്, 201 9ലെ ബാലാക്കോട്ട് ആക്രമണം എന്നീ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോവൽ.