വയനാട് : വീണ്ടും ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് എത്തുകയാണ്. താരമണ്ഡലമായ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് എത്തിയതോടെ കോണ്‍ഗ്രസ് നേതൃനിര ഇതിനകം വയനാട്ടില്‍ തമ്പടിച്ചിരിക്കുകയാണ്. പിന്നാലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. ഒപ്പം അമ്മ സോണിയാ ഗാന്ധിയുമുണ്ട്. ഇതോടെ വന്‍ ആവേശത്തിലാണ് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍. ഇതിനെല്ലാം പുറമെ വരും ദിവസങ്ങളില്‍ പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ നിര തന്നെ വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
രാഹുല്‍ ഗാന്ധിയ്ക്ക് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരെയുമാണ് വയനാട് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഗാന്ധി തുടര്‍ച്ചയായി 10 ദിവസം വയനാട്ടിലുണ്ടാകും. യുഡിഎഫിന്റെ പഞ്ചായത്ത് തല യോഗങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു തുടങ്ങിയവരാണ് ആദ്യഘട്ടത്തില്‍ പ്രിയങ്ക ഗാന്ധിയ്ക്കായി എത്തുന്ന മുഖ്യമന്ത്രിമാര്‍.
വിജയം ഉറപ്പാണെങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കേരളത്തില്‍ ഇതിനു മുന്‍പ് ഇത്രയും ദേശീയ നേതാക്കന്‍മാരെ അണിനിരത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പു മത്സരങ്ങളിൽ നിന്ന് അകലം പാലിച്ച പ്രിയങ്ക ഒടുവില്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഭൂരിപക്ഷം അഞ്ചു ലക്ഷം കടത്തുക എന്നതു മാത്രമാണ് പ്രവര്‍ത്തകരുടെ ലക്ഷ്യം,ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി.
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ നവ്യ ഹരിദാസിനെ മണ്ഡലത്തില്‍ അറിയില്ല. സ്ഥാനാര്‍ത്ഥി ആരാണെന്ന് വിശദീകരിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് പ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. ഒപ്പം നവ്യയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലും പോസ്റ്റുകള്‍ നിറയുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയോട് മല്‍സരിച്ച് തോറ്റ നേതാവാണെന്ന് പറയാമല്ലോ എന്നത് പോലെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
അതേസമയം,ആദ്യമായാണ് സോണിയ ഗാന്ധി വയനാട്ടില്‍ എത്തുന്നത്.രാഹുല്‍ ഗാന്ധി വയനാട്ടില്‍ രണ്ടു തവണ മത്സരിച്ചപ്പോഴും സോണിയ ഗാന്ധി എത്തിയിരുന്നില്ല. 2019ല്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍ തോറ്റ രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചതോടെയാണ് വയനാട് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറിയത്. വന്‍ഭൂരിപക്ഷത്തോടെയാണ് വയനാട് രാഹുലിനെ പാര്‍ലമെന്റിലേക്ക് അയച്ചത്